കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ സ്ത്രീകളെ മർദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

single-img
23 September 2019

കൊച്ചിയിൽ അ​ഗതിമന്ദിരത്തിൽ അമ്മയെയും മകളെയും സൂപ്രണ്ട് മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആ​രോ​ഗ്യമന്ത്രി കെ കെ ശൈലജ. ഇതുമായിബന്ധപ്പെട്ട് അന്വേഷണം നടത്താൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി നഗരസഭയുടെ കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്.

ഇവിടുത്തെ അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദ്ദിച്ചതെന്നായിരുന്നു പരാതി. എന്നാൽ അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്.

ഇക്കാര്യം ചോദിക്കാനെത്തിയ അമ്മയേയും മകളേയും അൻവർ മുറിയ്ക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവം വിവാദമാകുകയും റിപ്പോർട്ട് നൽകാൻ പോലീസിനോട് ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിയായ അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.