പ്രസാദ തട്ടില്‍ തിരുവാഭരണം ഒളിപ്പിച്ചു കടത്തി; പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമം കുരുക്കായി; പ്രതികള്‍ക്കു തടവുശിക്ഷ

single-img
21 September 2019

തിരുവനന്തപുരം: കന്യാകുമാരിയിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെ തിരുവാഭരണ കവര്‍ച്ചക്കേസിലെ പ്രതികള്‍ക്ക് തടവുശിക്ഷ. കേസിലെ 23 പ്രതികള്‍ക്ക് നാഗര്‍കോവില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 6 വര്‍ഷം തടവിന് വിധിച്ചു . സംഭവം നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

1992 ലായിരുന്നു കന്യാകുമാരി ജില്ലയെത്തന്നെ അമ്പരിപ്പിച്ച ക്ഷേത്രക്കവര്‍ച്ച നടന്നത്. തിരുവനന്തപുരത്തുനിന്ന് 54 കിലോമീറ്റര്‍ അകലെ മാര്‍ത്താണ്ഡത്താണ് പ്രശസ്തമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം. പ്രസാദം നല്‍കുന്ന തട്ടില്‍ ഒളിപ്പിച്ചാണ് ക്ഷേത്രത്തിലെ പൂജാരിമാരും ജീവനക്കാരും അടങ്ങിയ സംഘം സ്വര്‍ണം കടത്തിയത്.

അന്നത്തെ വിലയനുസരിച്ച് ഒരു കോടിരൂപ വിലമതിക്കുന്ന 12 കിലോ സ്വര്‍ണവും കിരീടവും മുത്തു മാലകളുമാണ് ക്ഷേത്രത്തില്‍ നിന്ന് പ്രസാദത്തട്ടില്‍ വച്ച് സംഘം കടത്തിയത് .പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമമാണ് കേസില്‍ പ്രതികളെ കുടുക്കിയത്. പെട്ടെന്നൊരു ദിവസം മുതല്‍ ക്ഷേത്രജീവനക്കാരന്‍ കേശവന്‍ പോറ്റിയുടെ ഭാര്യ കൃഷ്ണമ്മാള്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു തുടങ്ങിയത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടു.

ഇതിനിടെ ക്ഷേത്രത്തിലെത്തിയ ചില ഭക്തരാണ് പ്രസാദം നല്‍കുന്ന തട്ടില്‍ പൂജാരി ദേവന്റെ ആഭരണങ്ങള്‍ ഒളിപ്പിച്ചുവച്ച് ചിലര്‍ക്കു കൈമാറുന്നത് കണ്ടത്. ഭക്തര്‍ ഇതു ചോദ്യം ചെയ്തു. ദേവസ്വം അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് വന്‍ കവര്‍ച്ചയുടെ ചുരുള്‍ അഴിയുന്നത്.

വര്‍ഷങ്ങളായി തട്ടിപ്പു നടന്നുവരികയായിരുന്നു. കണക്കെടുപ്പ് നടന്നതോടെ 12 കിലോ സ്വര്‍ണവും കിരീടവും മുത്തുമാലകളും നഷ്ടപ്പെട്ടതായി വ്യക്തമായി. ആദ്യം പൂജാരി കൃഷ്ണന്‍ നമ്പൂതിരിയെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഓരോരുത്തരായി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം പോയ 12 കിലോ സ്വര്‍ണത്തില്‍ 4.5 കിലോ തിരികെ ലഭിച്ചു.