ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലം: നെതന്യാഹുവിന്റെ ഭാവി ഇന്നറിയാം

single-img
18 September 2019

ജറുസലേം: കഴിഞ്ഞ ദിവസം നടന്ന ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. നിലവിലെ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തുടരുമോ എന്ന കാര്യവും ഇതോടെ തീരുമാനമാകും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുക.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സിനാണ് ലികുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ നേരിയ ലീഡ്. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളും പ്രവചനമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. കേവല ഭൂരിപക്ഷം ആര്‍ക്കും ഉണ്ടാകില്ലെന്നാണ് പ്രവചനം..

മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്റെ നാഷണലിസ്റ്റ് ഇസ്രായേലി ബെറ്റിനു പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇരുവര്‍ക്കും കഴിയില്ല. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലൂ ആന്‍ഡ് പാര്‍ട്ടിയുമായി ലിബര്‍മാന്‍ ധാരണയിലെത്തിയാല്‍ നെതന്യാഹു സര്‍ക്കാര്‍ താഴെ വീഴും.