ഹിന്ദി വിവാദം; ഡിഎംകെ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാരോട് പി ചിദംബരം

single-img
18 September 2019

ഹിന്ദി ഭാഷയ്ക്ക് ഒറ്റയ്ക്ക് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന ആശയം അപകടകരമായ പ്രവണതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ എല്ലാ ഭാഷയും പുരോഗതി നേടണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എക്‌സ് മീഡിയാ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയവെയാണ് ചിദംബരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയുള്ള പ്രതികരണം.

‘ഞാൻ എന്റെ കുടുംബത്തോട് ഇനിക്കാണുന്ന ട്വീറ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. തമിഴ് ജനത ഉൾപ്പെടെ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ആരും തന്നെ ഹിന്ദിയുടെ അടിച്ചേല്‍പ്പിക്കല്‍ അനുവദിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വെള്ളിയാഴ്ച ഡി എം കെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നിര്‍ദേശിക്കണമെന്ന് തമിഴ്‌നാട് പി സി സി പ്രസിഡന്റ് കെ എസ് അളഗിരിയോട് ചിദംബരം ആവശ്യപ്പെട്ടിട്ടുമുണ്ട്.

മുൻപ്, കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ ഹിന്ദി നയത്തില്‍ വെള്ളം ചേര്‍ത്തിരുന്നു. ജനങ്ങൾ അവരവരുടെ മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണു പറഞ്ഞതെന്നായിരുന്നു ഷായുടെ വിശദീകരണം. പ്രസ്താവന വിവാദം ആയപ്പോൾ താനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണെന്നും എന്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.