കഴക്കൂട്ടം ക്ഷീര സൊസൈറ്റി ഡോക്ടറുടെ അധികാര ധാര്‍ഷ്ട്ട്യം മൂലം വലഞ്ഞു അനേകം ക്ഷീര കര്‍ഷകര്‍

single-img
18 September 2019

കഴക്കൂട്ടം: പ്രായാധിക്യമുള്ള ക്ഷീര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ കഴക്കൂട്ടം ക്ഷീര സൊസൈറ്റി അധികൃതരുടെ അനീതി. ക്ഷീര വികസന വകുപ്പിന്റെ സ്‌കീമില്‍ ഉള്‍പ്പെടുന്ന കന്നുകാലി തീറ്റയുടെ ഇളവിന് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കെതിരെയാണ് സൊസൈറ്റിയിലെ വെറ്റിനറി ഡോക്ടറുടെയും സംഘത്തിന്റെയും വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം.

1200 രൂപക്ക് ലഭിക്കുന്ന കന്നുകാലി തീറ്റ ക്ഷീരവകുപ്പിന്റെ സ്‌കീമിലൂടെ അമ്പത് ശതമാനം ഇളവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നു. ഈ സ്‌കീം ലഭ്യമാകണമെങ്കില്‍ പശുക്കുട്ടിയുടെ ചെവിയില്‍ സൊസൈറ്റി നടപടി പ്രകാരം റ്റാഗ് കുത്തണം.

ഇതിനായി നിശ്ചിത ഇടം കര്‍ഷകര്‍ ഏര്‍പ്പാടാക്കിയെങ്കിലും ചാർജിലുണ്ടായിരുന്ന ഡോക്ടര്‍ സോണി രാജേഷ്, കഴക്കൂട്ടം ക്ഷീര സംഘം സെക്രട്ടറി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവർ അങ്ങോട്ട് പോകാന്‍ കൂട്ടാക്കിയില്ല. വൃദ്ധരായ കര്‍ഷകര്‍ പശുക്കളെ സൊസൈറ്റിയിലേക്ക് കൊണ്ടുവരണമെന്നുള്ള നിര്‍ബന്ധത്തിലായിരുന്നു ഇവര്‍.

സൊസൈറ്റി നിലനില്‍ക്കുന്ന ഇടത്തില്‍ ഇപ്പോള്‍ ഗതാഗതകുരുക്ക് സർവ്വസാധാരണമാണ്. അതിനാല്‍ ഇവിടേക്ക് കര്‍ഷകര്‍ തങ്ങളുടെ പശുക്കിടാങ്ങളെ എത്തിക്കുക എന്നത് പ്രായോഗികമല്ല. തന്നെയുമല്ല 600 രൂപയുടെ ലാഭം പ്രതീക്ഷിച്ചു സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്ത ഇവർ പശുക്കളെ അധികൃതര്‍ പറയുന്നിടത്ത്‌ എത്തിക്കുവാന്‍ മുതിർന്നാലും വണ്ടിക്കാശ് താങ്ങാവുന്നതിലും അപ്പുറമാവും.

അധികൃതര്‍ എത്തുമെന്ന് പ്രതീക്ഷിച്ചു രാവിലെ പത്തു മണിതൊട്ട് ഉച്ചകഴിഞ്ഞു ഒരു മണിവരെയാണ് കര്‍ഷകര്‍ നിസ്സഹായരായി നിന്നത്. കന്നുകൾക്ക് റ്റാഗ്ഗ് ഘടിപ്പിക്കാൻ വന്ന മിക്കവരും കറവ പശുക്കൾ ഉള്ളവരാണ്. രാവിലെ അഞ്ച് മണിക്ക് പശുവിനെ കറന്നാല്‍ പിന്നെ ഉച്ചയ്ക്ക് 12.00 മണിക്ക് വീണ്ടും കറക്കേണ്ടതായുണ്ട്. അധികാരികളുടെ പിടിവാശിയിൽ നഷ്ടമായത് വളരെയധികം ബുദ്ധിമുട്ടു നേരിടുന്ന അനേകം കർഷകരുടെ ഒരു ദിവസത്തെ അധ്വാനവും വേദനവുമാണ്.

കര്‍ഷകരുടെ ഈ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഡോക്ടര്‍ സ്ഥലത്തെത്തി പശുകുട്ടികള്‍ക്ക് റ്റാഗ് പതിച്ചു നല്‍കി.

അതേസമയം സംഭവത്തെ കുറിച്ച് അന്വേക്ഷണം നടത്തിയ ഈ വാർത്തയോട് പ്രതികരിക്കാൻ ഡോക്ടറും സംഘവും കൂട്ടാക്കിയില്ല.