മരട് ഫ്ലാറ്റ് വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്

single-img
17 September 2019

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളും ഫ്ലാറ്റുടമകളുടെ എതിര്‍പ്പും സത്യവാങ്മൂലമായി 20ന് കോടതിയില്‍ നല്‍കും.

തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സെപ്തംബര്‍ 20-നുള്ളില്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി ഉത്തരവ്. ഫ്ലാറ്റ് ഒഴിഞ്ഞുപോകാന്‍ നഗരസഭ നല്‍കിയ സമയപരിധി അവസാനിച്ചിട്ടും താമസക്കാര്‍ ഒഴിഞ്ഞിട്ടില്ല. സുപ്രീം കോടതിവിധി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.

കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നം, വിധി നടപ്പാക്കാനുള്ള ചുരുങ്ങിയ സമയം, എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കും. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പിന്തുണയോടെ അറ്റോര്‍ണി ജനറല്‍ വഴി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് ശ്രമം.