മരട് ഫ്‌ളാറ്റ് വിഷയം: സര്‍വ്വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

single-img
15 September 2019

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തിൽ സർക്കാർ ഇടപെടുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. ഉടമകൾക്ക് ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ നൽകിയ സമയപരിധി ഇന്ന് അവസാനിക്കെ യാണ് സർക്കാറിന്റെ ഇടപെടൽ.

ഈ വിഷയത്തിൽ വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം പ്രശ്‌നത്തിൽ തുടർ നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കം. ഫ്‌ളാറ്റിലെ താമസക്കാർക്ക് വിവിധ രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ ഈമാസം 20 നകം പൊളിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടാണ് മരട് നഗരസഭ നോട്ടീസ് നൽകിയത്.