ആന്ധ്രാപ്രദേശില്‍ ബോട്ട് മറിഞ്ഞ് 5 മരണം: നിരവധിപേരെ കാണാതായി

single-img
15 September 2019

ഹൈദ്രബാദ് : ആന്ധപ്രദേശില്‍ ഗോദാവരി നദിയില്‍ 61 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. കാണാതായവരെ കണ്ടെത്തുന്നതിനുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്താണ് അപകടം നടന്നത്. ബോട്ടിലെ 11 ജീവനക്കാര്‍ ഉള്‍പ്പെടെ 61 പേരാണ് ഈസമയത്ത് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ 33 പേരെ കാണാതായിട്ടുണ്ടെന്നും 24 പേരെ രക്ഷപ്പെടുത്തിയതായും ഗോധവരി പോലിസ് സൂപ്രണ്ട് അദ്നൻ നയീം അസ്മി പറഞ്ഞു.

ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 30 അംഗങ്ങള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ദേശീയ ദുരന്തനിവാരണ സേനയെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് കൂടുതലാണ്. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി രാജമുണ്ഡരി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാരികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.