പരിഹാരം ഫ്ലാറ്റ് പൊളിച്ച് നീക്കലല്ല, നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കലാണ്; വെല്‍ഫെയര്‍ പാര്‍ട്ടി

single-img
14 September 2019

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കി താമസക്കാരെ കുടിയൊഴിപ്പിച്ചല്ല പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ‘പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളേയും ശിക്ഷിക്കുകയാണ് വേണ്ടത്. അവരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കുകയും വേണം. അനധികൃതമായി നിര്‍മാണാനുമതി നേടിയെടുത്ത ബില്‍ഡര്‍മാരെയും ശിക്ഷിക്കണം’. ഹമീദ് പറഞ്ഞു

ഇപ്പോള്‍ ഫ്ലാറ്റ് വാങ്ങിയവരെ കുടിയൊഴിപ്പിച്ചതുകൊണ്ട് പ്രശ്‌നം പരിഹരിക്കില്ല. കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി അനധികൃത നിര്‍മാണങ്ങളുണ്ട്. ഇവക്കെല്ലാം അനുമതി നല്‍കിയ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങളെ പിടികൂടിയാലാണ് ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കുക. പൊളിച്ചുനീക്കാന്‍ ഇനിയും 30 കോടി രൂപ ചെലവാക്കേണ്ടിവരും. അതിന് പുറമേ പൊളിച്ചുനീക്കുന്ന അവശിഷ്ടങ്ങള്‍ തള്ളുന്നത് ഇതിലും വലിയ പരിസ്ഥിതി ആഘാതം വിളിച്ച് വരുത്തും. ഹമീദ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, ഫ്ലാറ്റ് വാങ്ങിയവര്‍ മിക്കവരും ഈ നിയമ ലംഘനം തിരിച്ചറിയാതെ ആകെയുള്ള സമ്പാദ്യം ഇതില്‍ മുടക്കിയവരുമാണ്. അനധികൃത നിര്‍മാണം നടത്തിയ ബില്‍ഡര്‍മാരില്‍ നിന്ന് ഫ്ലാറ്റുടമകള്‍ക്ക് പണം മടക്കിവാങ്ങി നല്‍കണം. പ്രശ്‌ന പരിഹാരത്തിന് കേരള സര്‍ക്കാര്‍ ഇടപെടണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.