പാലായിലെ സുവർണ്ണാവസരം മാണി സി കാപ്പൻ പാഴാക്കുമോ? ജയസാധ്യതയുള്ള സീറ്റിൽ ഇടതുപക്ഷത്തിന്റെ പ്രചാരണതന്ത്രങ്ങളിൽ വീഴ്ചയെന്ന് റിപ്പോർട്ടുകൾ

single-img
14 September 2019

ഓണാഘോഷത്തിന്റെ ആരവങ്ങൾക്ക് പിന്നാലെ പാലായിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനും ചൂടുപിടിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് റിപ്പോർട്ടുകൾ.

വേണ്ടുവോളം പണവും സര്‍ക്കാര്‍ സംവിധാനങ്ങളും സംഘടനാ ശേഷിയും ഉണ്ടായിട്ടും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കരുതലും ജാഗ്രതയും ആവേശവും ഇടത് ക്യാമ്പുകളിൽ ദൃശ്യമല്ല.
പ്രചാരണം ഏകോപിപ്പിക്കുന്നതില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മേല്‍നോട്ടം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജില്ലാ ഘടകത്തിന് വീഴ്ച ഉണ്ടായതായി മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിട്ടുമുണ്ട്.

പ്രചാരണ സാമഗ്രികള്‍ കൃത്യമായി വിതരണം ചെയ്യുന്നതിലും സ്ഥാപിക്കുന്നതിലും പോലും വീഴ്ചകള്‍ ഉണ്ട്. മാധ്യമ വിഭാഗത്തിലും അത്ര നിലവാരമില്ലാത്ത ചുമതല നിര്‍വഹണമാണ് പാലായില്‍ ഉള്ളതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പാലായില്‍ കെ എം മാണിക്ക് വേണ്ടി മാധ്യമപ്രചാരണ ചുമതലകൾ നിർവ്വഹിച്ചിരുന്ന ചിലർ മാണി സി കാപ്പന്റെ പ്രചരണ ചുമതലകളില്‍ നിയോഗിക്കപ്പെട്ടത് ഗൌരവതരമായ പിഴവായി മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ എന്‍ സി പി നേതൃത്വം നേരിട്ട് ചുമതലപ്പെടുത്തിയ ആളുകള്‍ അതാത് രംഗങ്ങളില്‍ വേണ്ടത്ര പ്രൊഫഷണൽ പരിജ്ഞാനം ഇല്ലാത്തവരാണെന്നും ആരോപണമുണ്ട്.

പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും പരിചിതനല്ലെന്നതും ഇടത് സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് ഏറെ സുപരിചിതനാണെന്നതും കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചാല്‍ വിജയിക്കാനുള്ള സാധ്യതകളായി ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന്റെ ഈ പാളിച്ചകൾ അണികളെ അസ്വസ്ഥരാക്കുന്നത്. പാലായിലെ കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചിരുന്ന കെ എം മാണിയുടെ ഭൂരിപക്ഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കുറച്ചുകൊണ്ട് വരികയും ഒടുവില്‍ നാലായിരത്തില്‍ എത്തിക്കുകയും ചെയ്ത മാണി സി കാപ്പനോട് നാലാം തവണ മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആഭിമുഖ്യം ഉള്ളതായാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

അതേസമയം, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വന്‍ പട ഇടതുപക്ഷത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ പട തന്നെയാണ് യു ഡി എഫിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തിപരമായ സന്ദര്‍ശനങ്ങളിലും സംഘടനാ, സമുദായ നേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായിരുന്നു സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ 3 മുന്നണി സ്ഥാനാര്‍ഥികളും മത്സരിച്ച് ഒപ്പത്തിനൊപ്പം രംഗത്തുണ്ടായിരുന്നു.

കേരള കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും മുന്നണിയിലെ തര്‍ക്കങ്ങളും യു ഡി എഫ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റത്തെ തടയും എന്ന വിലയിരുത്തല്‍ ഇടതുമുന്നണിയിലുണ്ട്. മാത്രമല്ല, 54 വര്‍ഷം കെ എം മാണി എന്ന ഒറ്റപ്പേര് കേട്ട് തഴമ്പിച്ച പാലാക്കാര്‍ അടുത്ത ഒന്നര വര്‍ഷം ഒരു മാറ്റം ഉണ്ടാകട്ടെ എന്ന് ചിന്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇടത് ക്യാമ്പുകളില്‍ ആവേശം പുലര്‍ത്തുന്നു. ഈ സാഹചര്യങ്ങളെല്ലാം മുതലെടുത്ത്‌ വിജയം ഉറപ്പാക്കണമെങ്കില്‍ പഴുതുകളില്ലാത്തതും ശക്തമായതുമായ പ്രചരണ മുന്നേറ്റം ഉണ്ടാകണമെന്നാണ് ഇടത് നേതാക്കള്‍ കണക്കുകൂട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ പതിനായോരത്തോളം വോട്ടുകള്‍ക്ക് വിജയിക്കാവുന്ന സാഹചര്യം പാലായിലുണ്ടെന്നു നേതൃത്വം വിലയിരുത്തുന്നു.