എസ് സുകുമാരൻ നായർ;ഭാരതീയ ഗുരുസങ്കല്‍പ്പത്തിന്റെ ജീവിക്കുന്ന ഉദാഹരണം

single-img
13 September 2019


ഗോപകുമാർ സാഹിതി
SSLC 1982 ബാച്ച്
MVHS തുണ്ടത്തിൽ

അധ്യാപക ജോലി എന്നത് ഒരു തരം സാധനയും, തപസ്യയും, പുണ്യ പ്രവൃത്തിയുമാണെന്ന് വിശ്വസിച്ച തലമുറയുടെ പ്രതിനിധിയാണ് ശ്രീ.സുകുമാരൻ നായർ സാർ. ചെയ്യുന്ന ജോലിയാണ് ദൈവം എന്ന വിശ്വാസ പ്രമാണം മുറുകെപ്പിടിച്ച മഹാമനീഷി . പൊതുവേ കുട്ടികൾക്ക് ഇഷ്ടമല്ലാത്ത വിഷയമായിരുന്നു ഹിന്ദി .പക്ഷേ, സാറിന്റെ വേറിട്ട അധ്യാപന രീതി, ഹിന്ദിയോട് അടുക്കുവാൻ എത്രയോ ആയിരങ്ങൾക്ക് പ്രേരണയായി.

ഈണവും, താളവും, ഭംഗിയുള്ള ശബ്ദവും, രൂപ സൗകുമാര്യവും കൂടി ഒത്തുചേർന്ന ഒരാൾ ഹിന്ദിയല്ല അതിനെക്കാൾ ഇഷ്ടമല്ലാത്ത വിഷയം പഠിപ്പിച്ചാലും നാം ഇഷ്ടപ്പെട്ടു പോകും. ഔപചാരികമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഗുരുക്കൻമാർ പ്രകൃതിയും കലാ ദേവതയുമായിരുന്നു. സംഗീതവും ഔപചാരികമായി അഭ്യസിച്ചിട്ടില്ലായിരുന്നു അദ്ദേഹം. പക്ഷേ സരസ്വതീ കടാക്ഷവും, വാഗ്ദേവതകളുടെ അനുഗ്രഹവും വേണ്ടുവോളം ലഭിച്ച അദ്ദേഹം പാട്ടുകൾ രചിച്ചു, ഈണമിട്ടു, പാടി. നാട്യകലയും അങ്ങനെ തന്നെ.

ഒരു തലമുറയുടെ ആസ്വാദനക്ഷമതയ്ക്ക് ഊർജ്ജം പകർന്ന എത്രയെത്ര നാടകങ്ങൾ! കഥാപാത്രങ്ങളിലേക്കുള്ള പകർന്നാട്ടം. പ്രകൃതിയോടും ആവാസവ്യവസ്ഥയോടും ചെയ്തു കൂട്ടിയ അധാർമ്മികതകൾകൊണ്ട് മനുഷ്യ ജീവിതം ഭീഷണി നേരിടുമ്പോൾ, തീർച്ചയായും ഓർത്തു പോകും അദ്ദേഹത്തെ. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയും, വൃക്ഷങ്ങളെ സ്നേഹിക്കാനും അവയോട് ഇഷ്ടം കൂടാനും അദ്ദേഹം പഠിപ്പിച്ചു. ഒരു പ്രസ്ഥാനത്തിന്റെയും സങ്കുചിത ചട്ടക്കൂടിൽ ഒതുങ്ങാതെ തന്നെ, ഗാന്ധിയൻ ചിന്തയുടെ, മൂല്യങ്ങളുടെ പ്രചാരകനാകാൻ സാറിന് കഴിഞ്ഞു.

സ്വന്തം കഴിവുകളെ പർവ്വതീകരിച്ചു കാണിച്ച് പുരസ്കാരങ്ങൾ സംഘടിപ്പിക്കുന്നവർക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒരു പ്രതീകമാണ് – നന്മയുടെ പ്രതീകം -സ്നേഹനിധിയായ ഹിന്ദി പണ്ഡിറ്റ് എന്ന സുകുമാരൻ നായർ സാർ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിനുള്ള സ്നേഹ സമ്മാനവും ആദരവുമാണ് “സുകുമാരം” എന്ന പരിപാടി. അദ്ദേഹത്തിന്റെ കുടുംബവും ശിഷ്യരും ചേർന്ന് നടത്തുന്ന ഈ പരിപാടി കേവലമൊരു ആഘോഷമെന്നതിലുപരി പിതൃപൂജയാണ്, ഗുരുദക്ഷിണയാണ്.

ഗുരുവാണ് ബ്രഹ്മാവ്
ഗുരുവാണ് വിഷ്ണു
ഗുരുവാണ് മഹേശ്വരൻ
പരബ്രഹ്മവും ഗുരുവാണ്.
ഭാരതീയ ഗുരുസങ്കൽപ്പത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് പ്രിയപ്പെട്ട സുകുമാരൻ നായർ സാർ.