നിങ്ങൾക്ക് ഇറ്റലിയിലേക്ക് കുടിയേറണോ? എങ്കിൽ റെഡിആകൂ ; അവിടെ ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നു • ഇ വാർത്ത | evartha
Featured, World

നിങ്ങൾക്ക് ഇറ്റലിയിലേക്ക് കുടിയേറണോ? എങ്കിൽ റെഡിആകൂ ; അവിടെ ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നു

സാധാരണയായി ജനസംഖ്യ കുറവുള്ള രാജ്യങ്ങൾ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികമാണ്. ഈ കാര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും തികച്ചും വിത്യസ്തമായി വമ്പൻ ഓഫറാണ് ഇറ്റലിയിലെ മൊലിസെ നഗരം മുന്നോട്ട് വച്ചിരിക്കുന്നത്. നഗരത്തിൽ സ്ഥിരതാമസത്തിന് തയ്യാറാകുന്നവർക്ക് 27000 ഡോളർ ആണ് ആദ്യം നൽകുക. ഇത് ഏകദേശം 19 ലക്ഷം ഇന്ത്യൻ രൂപയോളം വരും. പിന്നീട് ഓരോ മാസവും 700 യൂറോ (55000 രൂപ) മൂന്ന് വർഷം വരെ നൽകും.

ഇത്തരത്തിൽ നഗരത്തിൽ വരുന്നവർ അവിടെ എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങണം എന്ന നിബന്ധന മാത്രമേയുള്ളൂ. വരുന്നവർക്ക് ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും പ്രാദേശിക ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. നിറയെ മഞ്ഞുമൂടിയ മലനിരകളും, ഇടതൂർന്ന ഒലീവ് മരങ്ങളും പച്ചപ്പും കൊണ്ട് ആരുടെയും മനം നിറയ്ക്കുന്നതാണ് മൊലിസെ.

റോമിൽ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ നിരവധി ചെറുപട്ടണങ്ങളുണ്ട്.ഇവിടെയുള്ള 136 ചെറുപട്ടണങ്ങളിൽ 106 ലും ജനസംഖ്യ കുറവാണ്. ഫോർണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്. ഈ മാസം 16 മുതൽ ഇതിനായി അപേക്ഷിക്കാം. ചെറിയ കുട്ടികളുള്ള ദമ്പതിമാരാണ് അപേക്ഷിക്കുന്നതെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കും.

അപേക്ഷ നൽകി എത്തുന്നവർക്ക് ഹോട്ടൽ, ഭക്ഷണശാല, ബാർ, കൃഷി, ബ്യൂട്ടിപാർലർ, ലൈബ്രറി, പലചരക്ക് കട തുടങ്ങി എന്ത് വേണമെങ്കിലും ആരംഭിക്കാമെന്നാണ് വാഗ്‌ദാനം. ഏതാനും വർഷങ്ങൾക്കിടെ നിരവധി പേരാണ് ഈ നഗരം വിട്ടുപോയത്. മൊലിസെയിലുള്ള 136 ചെറുപട്ടണങ്ങളിൽ 106 ലും രണ്ടായിരത്തിൽ താഴെയാണ് താമസക്കാരുള്ളത്. യുവാക്കൾ പുറത്തേക്ക് മഹാനഗരങ്ങൾ തേടിപ്പോകുന്നതും വിദേശത്തേക്ക് പോകുന്നതും മൂലം ഇവിടെ ജനസംഖ്യ കുറഞ്ഞുവരികയാണ്.