കൊച്ചി മെട്രോ കുറഞ്ഞ കാലത്തില്‍ കൈവരിച്ചത് വലിയ നേട്ടം; അഭിനന്ദനവുമായി കേന്ദ്രമന്ത്രി

single-img
13 September 2019

കേരളത്തിന്‍റെ സ്വന്തം കൊച്ചി മെട്രോയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി. വളരെ കുറഞ്ഞ കാലം കൊണ്ട് കൊച്ചി മെട്രോ കൈവരിച്ചത് വലിയ നേട്ടമാണെന്ന് ഹർദീപ് പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം. തികച്ചും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഗതാഗതസൗകര്യങ്ങൾ ജനങ്ങൾ ഏറ്റെടുക്കും എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി മെട്രോ എന്നും അദ്ദേഹം പറയുന്നു.

അതേസമയം, കേരളത്തില്‍ തൈക്കൂടം വരെയുള്ള രണ്ടാംഘട്ട മെട്രോ സർവ്വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ദിനംപ്രതി ശരാശരി 45000 പേർ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 95000 വരെ എത്തി. റോഡുകളില്‍ ഗതാഗതക്കുരുക്ക് ഏറെയുള്ള വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ എത്തിയതും യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.