ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയില്‍; അനുശാസനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിന്ദിക്കുന്നതും അപകടകരമായ സമ്പ്രദായം: സോണിയ ഗാന്ധി

single-img
12 September 2019

സോഷ്യല്‍ മീഡിയയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ജനാധിപത്യം അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്നും അനുശാസനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും സോണിയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

“രാജ്യത്തെ ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയിലെത്തിനില്‍ക്കുകയാണ്. ഭരണഘടന അനുശാസങ്ങളെ ദുരുപയോഗം ചെയ്യുന്നതും നിന്ദിക്കുന്നതുമാണ് ഏറ്റവും അപകടകരമായ പുതിയ സമ്പ്രദായം. സ്വാതന്ത്ര്യസമരത്തിലെ സേനാനികളുടെയും ഗാന്ധി, പട്ടേല്‍, അംബേദ്കര്‍ തുടങ്ങിയ നേതാക്കളുടെയും സന്ദേശങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്ന ഹീനമായ അജണ്ടയാണ് അവര്‍ക്കുള്ളത്.

കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധമായും ഇതിനെതിരെ നിലകൊള്ളേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നിലവിലത്തെ ഇടപെടല്‍ മാത്രം പോര. അത് കൂടുതല്‍ ശക്തമാക്കണം’, സോണിയ പറഞ്ഞു.
ഇതോടൊപ്പം രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി.

‘സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ അതിന്റെ ഭയാനകമായ അവസ്ഥയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. നഷ്ടം ഓരോ ദിനവും പെരുകി വരുന്നു. ജനങ്ങളുടെ പൊതു ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ സര്‍ക്കാര്‍ അവിടെ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നു’, സോണിയ ഗാന്ധി പറഞ്ഞു.