മുന്‍ നിശ്ചയപ്രകാരം പ്രവര്‍ത്തിക്കും, നവോത്ഥാന സംരക്ഷണ സമിതി പിളരില്ല: പുന്നല ശ്രീകുമാര്‍

single-img
12 September 2019

സംസഥാന സർക്കാരിന്റെ മുൻകൈയ്യിൽ കേരളത്തിൽ തുടക്കം കുറിച്ച നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്ന് ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ സമിതിയെ ബാധിക്കില്ലെന്നും പിന്തുണച്ചവര്‍ക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമിതി അതിന്റെ മുന്‍ നിശ്ചയപ്രകാരം പ്രവര്‍ത്തിക്കുമെന്നും നവോത്ഥാന സ്മൃതിയാത്രയില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെതന്നെ സംവരണ മുന്നണിയെന്ന പരാമര്‍ശം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ പ്രവർത്തനങ്ങളിൽ വിയോജിച്ചുകൊണ്ട് നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്റെ നേതൃത്വത്തില്‍ അമ്പതില്‍ അധികം സംഘടനകള്‍ പുറത്തുപോയതായി പ്രസ്താവന പുറത്തുവന്നിരുന്നു. സമിതിയിൽ നിന്നും ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തിലാണ് സംഘടനകള്‍ പുറത്തുവന്നത്.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാര്‍ലമെന്റ്, നവേത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ ചേര്‍ന്നത് എന്നും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് ഹിന്ദു പാര്‍ലമെന്റ് പറയുന്നത്.