ജോര്‍ദ്ദാന്‍ താഴ് വര ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന പ്രഖ്യാപനം;നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

single-img
12 September 2019

ജിദ്ദ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രധിഷേദം. വരാന്‍ പോകുന്ന തെഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍ ജോര്‍ദ്ദാന്‍ താഴ്വര പ്രദേശങ്ങള്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. ജോര്‍ദാന്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ശക്തമായാണ് പ്രതിഷേധിച്ചത്.

അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിലെ വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തിര യോഗവും സൗദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.പലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനത്തോളം വരുന്ന പ്രദേശമാണ് ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടലോരവും.65000 പലസ്തീന്‍കാരും 11000 നിയമവിരുദ്ധ കുടിയേറ്റക്കാരായ ജൂതരുമാണ് ഇവിടെ താമസിക്കുന്നത്. ഇസ്രായേല്‍ ഏരിയ സിയില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശം നിലവില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

വംശീയ വിദ്വേഷം പടര്‍ത്തി കൂടുതല്‍ വോട്ട് നേടി വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് നെതന്യാഹു പ്രകോപനപരമായ പ്രഖ്യാപനം നടത്തിയത്.

അതിനിടെ ഇസ്രായേല്‍ പുതിയ നീക്കം നടത്തിയാല്‍ ഇതുവരെയുള്ള എല്ലാ കരാറുകളില്‍ നിന്നും പിന്‍മാറുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മേഖലയുടെ സമാധാനം നശിപ്പിക്കുന്നത് നെതന്യാഹു ആണെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ കുറ്റപ്പെടുത്തി.