വാഹനവിപണിയിലെ പ്രതിസന്ധി; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം തള്ളി മാരുതി സുസുക്കി

single-img
12 September 2019

മുംബൈ; വാഹന വിപണിയിലെ പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം തള്ളി വാഹന നിര്‍മ്മാതാക്കളിലെ വമ്പന്‍മാരായ മാരുതി സുസുക്കി. പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളായ ഒലയും ഊബറും കൂടുതലായി ആശ്രയിക്കുന്നതാണ് വാഹന വിപണി തകരാന്‍ ഇടയായത് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

കാറുകള്‍ സ്വന്തമായി വാങ്ങുന്നതിന് പകരം ഓണ്‍ലൈന്‍ ടാക്‌സികളെ പുതിയ തലമുറ ആശ്രയിക്കുന്നതാണ് ഓട്ടോ മൊബൈല്‍ മേഖല നേരിടുന്ന പ്രധാന തടസമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനോട് യോജിക്കാനാകില്ലെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഒലയും ഊബറും വന്നിട്ട് ഏഴ് വര്‍ഷമേ ആകുന്നുള്ളൂ. വാഹന വിപണിയിലെ ഏറ്റവും സുവര്‍ണകാലവും ഇതുതന്നെയാണ്. തകര്‍ച്ച തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ.

അതുകൊണ്ട് ഓണ്‍ലൈന്‍ ടാക്‌സികളെ പൂര്‍ണമായി കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ ടാക്‌സികള്‍ സജീവമായ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഈ സ്ഥിതി ഇല്ല.ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണ്. എന്നാല്‍ മാത്രമേ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ശ്രീവാസ്തവ പറഞ്ഞു.

മന്ത്രിയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്ന അളവില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇത്തരം കമ്പനികള്‍ക്ക് മാരുതി വില്‍ക്കുന്നത് തോത് 56 ശതമാനമാണ്. ഇപ്പോഴും അങ്ങനെ തന്നെ പണലഭ്യതയുടെ കുറവും വിലക്കയറ്റവും ഉയര്‍ന്ന നികുതിയുമായിരിക്കാം ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

കാറ് സ്വന്തമായി വാങ്ങാതെ ഓണ്‍ലൈന്‍ സര്‍വീസുകളെ ആശ്രയിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായതെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. സുസുകി മന്ത്രിയുടെ വാദം തള്ളിയത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ്.