സന്ദര്‍ശകരുടെ ഒഴുക്കില്ല; ജീവനക്കാര്‍ പ്രതിഷേധത്തിലും; ‘സ്റ്റാച്യു ഓഫ് യുണിറ്റി’ ക്ക് സമീപത്തെ ഭീമന്‍ ദിനോസര്‍ നിലംപതിച്ചു

single-img
9 September 2019

ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് സമീപത്ത് സ്ഥാപിച്ചുകൊണ്ടിരുന്ന ഭീമന്‍ ദിനോസര്‍ പ്രതിമ നിലംപതിച്ചു.
30 അടി ഉയരമുള്ള ദിനോസറിന്റെ രൂപം നിലത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

മേഖലയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ലോകനിലവാരത്തിലുള്ള മൃഗശാലയുടെ ഭാഗമായിട്ടായിരുന്നു ദിനോസര്‍ പ്രതിമ സ്ഥാപിക്കുന്നത്.

മോദി സർക്കാർ ഏറെ കൊട്ടിഘോഷിച്ചും വലിയ വിനോദസഞ്ചാര സാധ്യതകൾ മുന്നിൽക്കണ്ടും സ്ഥാപിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ- സ്റ്റാച്യു ഓഫ് യൂണിറ്റി- യുടെ പദ്ധതി സന്ദര്‍ശകരുടെ ഒഴുക്കില്ലാതെ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ശമ്പളമില്ലാതായതോടെ ജീവനക്കാര്‍ സമരത്തിലേക്കു നീങ്ങുന്ന സാഹചര്യവുമുണ്ട്. മാസങ്ങളോളം ശമ്പളമില്ലാതായതോടെ നൂറോളം ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയിരുന്നു.

അടുത്തമാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനിരിക്കെയാണ് ഞായറാഴ്ച ദിനോസര്‍ നിലംപതിച്ചത്. ഇതിന്റെ നിര്‍മാണത്തിന് മാത്രം രണ്ടുകോടി രൂപ ചെലവിട്ടാതായാണ് കണക്ക്.

പ്രതിമാനിര്‍മാണം പ്രദേശത്തെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് നര്‍മദാതീരത്തെ തദ്ദേശവാസികള്‍ക്ക് പരാതിയുണ്ട്. ഇവിടെയുള്ള പൂന്തോട്ടം നനക്കാന്‍ വന്‍ജലസമ്പത്തു വഴിതിരിച്ചുവിടുന്നത് തങ്ങളുടെ കൃഷിയെ ബാധിച്ചതായും കര്‍ഷകരും ആരോപിച്ചുവരികയായിരുന്നു. പരിസ്ഥിതി വാദികളുടെ എതിര്‍പ്പും സ്റ്റാച്യൂ ഓഫ് യൂനിറ്റിക്കെതിരെ നിലവിലുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയെന്ന വിശേഷണമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുത്തത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപത്തായാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്.