വാഹന വിപണി തകർന്നടിഞ്ഞു: രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ വിപണി ഇടിവ്

single-img
9 September 2019

രാജ്യത്തെ വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ആഗസ്റ്റ് മാസത്തെ വില്‍പനയുടെ കണക്കുകള്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേര്‍സ് പുറത്തു വിട്ടു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ് വാഹന വില്‍പനയില്‍ കഴിഞ്ഞ മാസം നേരിട്ടത്. ഇരുചക്രവാഹന വില്‍പന മൂന്ന് വര്‍ഷത്തെ ഏറ്റവും മോശം നിലയിലാണ്.

31.57 ശതമാനമാണ് വാഹന വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുള്ള ഇടിവ്. ആഗസ്റ്റ് മാസത്തില്‍ 1,96,524 വാഹനങ്ങളാണ് ആകെ വിറ്റത്. കാര്‍ വില്‍പനയിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 41.09 ശതമാനത്തിന്റെ വന്‍ ഇടിവാണ് കാര്‍ വില്‍പനയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 1,96,847 കാറുകള്‍ വിറ്റ സ്ഥാനത്ത് ഈ വര്‍ഷം 1,15,957 മാത്രമാണ് വിറ്റത്.

ഇരുചക്രവാഹന വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22.24 ശതമാനം കുറവുണ്ടായി. 15,14,196 വാഹനങ്ങള്‍ ഈ ആഗസ്റ്റില്‍ വില്‍പന നടത്തി. അതേസമയം, 19,47,304 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റിരുന്നു.

വാഹനവിപണിയിലെ തകർച്ചമൂലം ലക്ഷക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നും മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാഹനനിർമ്മാണ കമ്പനികളുടെ തലവന്മാർ കഴിഞ്ഞയാഴ്ച ഒരു കോൺഫറൻസിൽ ആവശ്യപ്പെട്ടിരുന്നു.

പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിപണന മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.