‘ലിവിംങ് ടുഗെദറായി ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടികളെപ്പോലെ’; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍

single-img
5 September 2019

ജയ്പൂര്‍; വിവാഹം കഴിക്കാതെ ദമ്പതികളായി ജീവിക്കുന്നതിനെ എതിര്‍ത്ത് രാജസ്ഥാന്‍ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് മഹേഷ് ചന്ദ്ര ശര്‍മ. ഇത്തരം ബന്ധങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ വെപ്പാട്ടികളെപ്പോലെയാണെന്നാണ് ജ. ശര്‍മ പറഞ്ഞത്. ഇത്തരം ബന്ധങ്ങളില്‍ ജീവിക്കുന്നത് മൃഗീയമായ രീതിയാണ് അത് ഭരണഘടന അനുസരിച്ചുള്ള മനുഷ്യവകാശങ്ങള്‍ക്ക് എതിരാണെന്നതുമാണ് ജ. ശര്‍മയുടെ വാദം

ലിവിംങ് ടുഗെദര്‍ ബന്ധങ്ങള്‍ നിരോധിക്കേണ്ട അടിയന്തിര ആവശ്യമുണ്ടെന്നും അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ കടമയാണെന്നും ജസ്റ്റിസ് പ്രകാശ് താന്തിയയുമായി സംയുക്തമായി പുറപ്പെടുവിച്ച ഉത്തരവില്‍ ജ. ശര്‍മ പറഞ്ഞു. മയിലുകള്‍ പരസ്പരം ഇണചേരില്ല കണ്ണുനീരിലൂടെയാണ് പ്രത്യുല്‍പാദനം നടക്കുന്നതെന്ന പ്രസ്താവനയിലൂടെ വിവാദങ്ങളിലും ട്രോളുകളിലും ഇടം പിടിച്ച വ്യക്തിയാണ് ജ. മഹേഷ് ചന്ദ്ര ശര്‍മ്മ.

തീര്‍ത്തും പിന്തിരിപ്പനായ ഉത്തരവാണിതെന്ന് ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവ പ്രതികരിച്ചു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇതിനെ ചോദ്യംചെയ്യുമെന്നും അവര്‍ പറഞ്ഞു.വിവാദ ഉത്തരവിനെതിരെ ഇതിനോടകം നിരവധിപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ ദമ്പതികള്‍ക്ക് വിവാഹം കഴിക്കാതെ തന്നെ ബന്ധം പുലര്‍ത്താമെന്ന് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്ന് മാത്രമല്ല, ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള നിയമത്തിന്റെ പരിധിയില്‍ അത്തരം ബന്ധങ്ങളെ കൊണ്ടുവരികയും ചെയ്തു.