മഹാരാഷ്ട്ര ഐപിഎസ് ഓഫീസറുടെ ചിത്രവുമായി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ; യുവതികൾക്ക് വിവാഹ വാഗ്ദാനം; യുപിയിൽ റിക്ഷാക്കാരന്‍ അറസ്റ്റില്‍

single-img
4 September 2019

സ്ത്രീകളെ ആകർഷിക്കാൻ ഐപിഎസ് ഓഫീസറുടെ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച റിക്ഷാക്കാരന്‍ അറസ്റ്റില്‍. യുപിയിലെ ബരേലി സ്വദേശിയായ മഹാരാഷ്ട്ര ഐപിഎസ് ഓഫീസറുടെ ചിത്രമാണ് 52- കാരനായ ജാവേദ് ഉള്ള എന്നയാള്‍ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചത്. പ്രൊഫൈലിലൂടെ ഐപിഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച ജാവേദ് ഉള്ളയുമായി ആറുമാസത്തെ പരിചയമുണ്ടെന്നും ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തന്റെ പ്രൊഫൈലിലേക്ക് ഇയാള്‍ തുടര്‍ച്ചയായി അശ്ലീല മെസേജുകൾ അയയ്ക്കാറുള്ളതായും യുവതി പരാതിയില്‍ പറയുന്നു. റിക്ഷാക്കാരൻ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലില്‍ 5,000 സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇതില്‍ 3,000 ത്തോളം ആളുകള്‍ സ്ത്രീകളാണെന്നുമാണ് വിവരം. ഐപിഎസ് ഓഫീസറും സ്ത്രീയും നൽകിയ പരാതിയില്‍ ഇസ്സാത്നഗര്‍ പോലീസ് സ്റ്റേഷനിലാണ് റിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീകളോട് പ്രണയാഭ്യര്‍ത്ഥന നടത്താനായാണ് താൻ വ്യജ പ്രൊഫൈല്‍ സൃഷ്ടിച്ചതെന്ന് ജാവേദ് ഉള്ള പോലീസിനോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.