കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സുതാര്യ അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍

single-img
4 September 2019

ഇന്ത്യൻ സർക്കാർ ഭരണഘടനയിൽ നിന്നും പ്രത്യേകപദവി റദ്ദാക്കിയ കാശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തിന്മേല്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍. കഴിഞ്ഞ ദിവസം വേനല്‍ക്കാല അവധിക്കുശേഷം ചേര്‍ന്ന ജനപ്രതിനിധി സഭയിലെ ആദ്യ പാര്‍ലമെന്റ് സെഷനില്‍ പങ്കെടുത്ത് സംസാരിച്ച വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇതിന് മുൻപ് കാശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് റാബ് പറഞ്ഞിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ബ്രിട്ടന്‍ കൈക്കൊണ്ടത് ഇന്ത്യയ്ക്ക് രാജ്യാന്തരതലത്തില്‍ ഏറെ ഗുണം ചെയ്തിരുന്നു. പ്രത്യേകാധികാരം റദ്ദാക്കിയ ശേഷം സംസ്‌ഥാനത്തുനടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ തടവിലാക്കല്‍, വാര്‍ത്താവിനിമയ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെ റാബ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണ് എന്നാണ് ഇന്ത്യ അറിയിച്ചതെന്ന് കാശ്മീര്‍ വിഷയത്തില്‍ സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡൊമിനിക് റാബ് പറഞ്ഞു. കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉഭയകക്ഷി വിഷയങ്ങളുടെ പരിധിയില്‍വരില്ലെന്നും അതിന് ആഗോളസ്വഭാവമുണ്ടെന്നും അതിനാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും റാബ് ചൂണ്ടിക്കാട്ടി.