പി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

single-img
2 September 2019

ഡല്‍ഹി: മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഐഎന്‍എക്‌സ് മീഡിയ കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്താണ് ഹര്‍ജി. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുക. ഇന്നുവരെയാണ് ചിദംബരത്തിന്റെ കസ്റ്റഡികാലാവധി.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 5ന് വിധി പറയും. അതുവരെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.