ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്തും

single-img
1 September 2019

ഡല്‍ഹി: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ വാര്‍ഡിലേയ്ക്ക് മാറ്റി. എയിംസില്‍ പ്രവേശിപ്പിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ അഭിഭാഷകനും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ലഖ്‌നൗവിലെ ആശുപത്രിയില്‍ നിന്നും എയിംസില്‍ എത്തിച്ചത്.കേസില്‍ സിബിഐ ഇതുവരെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി എടുക്കുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ജൂലൈ 28ന് പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തെ ഒരു ട്രക്ക് ഇടിച്ചു തെറിപ്പിക്കുയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ വാഹനാപകടം ഉണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.