പിടി വീണാല്‍ കീശ കാലിയാകും ജാഗ്രത! കേന്ദ്രമോട്ടോര്‍ വാഹനമിയമഭേതഗതികള്‍ ഇന്നുമുതല്‍ കര്‍ശനമാകുന്നു

single-img
1 September 2019

തിരുവനന്തപുരം: വാഹനവുമായി റോഡിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ കീശ കാലിയാകും.
സംസ്ഥാനത്ത് ഇന്നു മുതല്‍ കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കും. വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്.

ഹെല്‍മറ്റില്ലാത്തതിന് പോലിസ് പിടിച്ചാല്‍ ഇതുവരെ നൂറു രൂപ കൊടുത്ത് ഇന്നലെ വരെ ഊരിപ്പോരായിരുന്നു. എന്നാല്‍ ഇനി അത് നടക്കില്ല. പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ. ഇങ്ങനെ ഓരോ നിയമലംഘനങ്ങള്‍ക്കും നല്‍കേണ്ടി വരുന്ന പിഴ ചെറുതല്ല. പഴയതുകയില്‍ നിന്നു പരിഷ്‌കരിച്ച് കനത്ത തുകയാണ് പിഴയിനത്തില്‍ ഈടാക്കുക.

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയില്‍ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. ഇക്കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മാര്‍ഗവും പ്രയോഗിക്കുകയാണ് പൊലീസ്. പുതിയ ട്രോളുകള്‍വരെ എത്തി നില്‍ക്കുകയാണ് കേരളാ പൊലീസിന്റെ ബോധ വല്‍ക്കരണം.