ജീവിച്ചത് മുഴുവൻ ഇന്ത്യക്ക് വേണ്ടി, എന്നാലിപ്പോൾ ഇന്ത്യാക്കരനല്ലെന്ന് തിട്ടൂരം; പട്ടാള ഉദ്യോഗസ്ഥനും, എം എൽ എ യും പുതുക്കിയ പൌരത്വ പട്ടികയിൽ നിന്നും പുറത്ത്

single-img
1 September 2019
മുഹമ്മദ്‌ സനാവുള്ള

ഗുവാഹത്തി: ശനിയാഴ്ച്ച അസം പൌരത്വ പട്ടിക പ്രസിധീകരിച്ചപ്പോൾ കശ്മീർ  യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനും അസമിലെ നിലവിലെ എം എൽ എ യും വരെ പട്ടികക്ക് പുറത്ത്. കോടതി ഉത്തരവിനെ തുടർന്ന് പുതുക്കി നിശ്ചയിച്ച പട്ടികയിൽ നിന്നും 19 ലക്ഷം പേരാണ് പുറത്തായത്.

ഒരു രാജ്യത്തിന് വേണ്ടി ജീവിതകാലം മുഴുവൻ സമർപ്പിച്ച ഒരു പട്ടാളക്കാരൻ പോരാടിയ രാജ്യത്തെ പൌരനല്ലെന്ന് പറയുന്നതിലും വലിയ അപമാനം എന്താണ്. പുതുക്കിയ ഇന്ത്യൻ പൌരത്വ പട്ടികയാണ് ഇന്ത്യക്ക് വേണ്ടി പോരാടിയ മുഹമ്മദ്‌ സനാവുള്ള ഇനി ഇന്ത്യാക്കാരൻ അല്ലെന്ന് വിധിച്ചത്.

നിലവിൽ എ ഐ യു ഡി എഫ്, എം എൽ എയായ അനന്ത കുമാർ മാലൊയും പുതുക്കിയ പട്ടികയിലില്ല. അദ്ദേഹം രണ്ടാം പ്രാവശ്യമാണ് സംസ്ഥാന അസംബ്ലിയിൽ എത്തുന്നത്. തന്റെ സഹോദരനും താനും ഏതാണ്ട് ഒരേ രേഖകളാണ് സമർപ്പിച്ചത്, പക്ഷേ തന്നെ മാത്രം പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതിനെതിരെ ഫോറിനേഴ്സ് ട്രൈബ്യൂണലിൽ പരാതി നൽകുമെന്നും മാലൊ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപിച്ച്‌ മെയ്‌ മാസം കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥന്‍ മുഹമ്മദ് സനാവുള്ള ദേശീയ പൗരത്വ പട്ടികയുടെ അന്തിമ പട്ടികയിൽ നിന്നും പുറത്തായി. മക്കളും പൗരത്വ പട്ടികയിൽ ഇടംനേടിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ പട്ടികയിലുണ്ട്‌.

1987 മുതൽ 2017 വരെ 30 വർഷക്കാലം ഇന്ത്യൻ പട്ടാളത്തിൽ സേവനം ചെയ്‌തയാളാണ് സനാവുള്ള. ഗുവാഹട്ടി ഹൈക്കോടതിയിൽ ഫോറിനേഴ്‌സ്‌ ട്രൈബൂണൽ ഉത്തരവിനെതിരായി സമർപ്പിച്ച എതിർവാദം നിലനിൽക്കുന്നുണ്ട്‌.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. 2018 ജൂലായ് 30- ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്.

ലക്ഷക്കണക്കിനു ദരിദ്രരും നിര്‍ധനരും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലടക്കം കനത്ത സുരക്ഷയൊരുക്കി. നിരോധനാഞ്ജ്ജ നിലവിലുണ്ട്. പ്രദേശം സൈനീക നിയന്ത്രണത്തിലാണ്.