ബിറ്റ്‍കോയിന്‍ ഇടപാട്: ഡെറാഡൂണിൽ മലയാളി യുവാവിനെ ബിസിനസ് പങ്കാളികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

single-img
31 August 2019

ഡെറാഡൂണ്‍: ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ കൊല്ലപ്പെട്ടത്.

ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണു കൊല നടത്തിയതെന്നു കരുതുന്നു. മലയാളികളായ പത്തു പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു.

ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ഷുക്കൂർ മരിച്ചിരുന്നു. ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികൾ സ്ഥലം വിടുകയായിരുന്നു. ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ചവരിൽ അഞ്ചു പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റു ചെയ്തു.

ബിറ്റ്കോയിന്‍ ഇടപാടുകളുമായി സജീവമായിരുന്നു യുവാവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വിശദമായത്.  ബിറ്റിജാക്സ് ഡോട്ട് ബിറ്റിസി(bitjax.BTC), ബിറ്റിസി ഡോട്ട് ബിറ്റ് ഡോട്ട് ഷുക്കൂര്‍ (BTC.bit.shukoor)എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. 458 കോടിയുടെ ബിറ്റ്കോയിന്‍ ഇടപാട് യുവാവ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ആഷിഖ്, അർഷാദ്, ഷിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിക്തർ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്നൂൺ, അരവിന്ദ് സി, അൻസിഫ് അലി എന്നിവരാണ് പ്രതികളെന്നു പൊലീസ് വ്യക്തമാക്കി. 

ഒരു വർഷം മുൻപ് ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് ഷുക്കൂറിന്റെ ബിസിനസ് തകർച്ച നേരിട്ടത്. നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. കാസർകോട് കേന്ദ്രീകരിച്ചാണു ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർഥിയായ യാസിന്റെ അടുക്കലേക്കു പോയി. തന്റെ ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽനിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ആഷിഖിനോട് ഷുക്കൂർ പറഞ്ഞു. കോടികൾ വിലയുള്ള ബിറ്റ്കോയിൻ ഇപ്പോഴും അബ്ദുൾ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ്‌വേഡ് കണ്ടെത്തി പണം കൈപ്പറ്റാനുമാണു ശ്രമമെന്നും ആഷിഖ് വിശ്വസിച്ചു.

ഓഗസ്റ്റ് 26ന് യാസിന്റെ ഡെറാഡൂണിലെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയോടു ചേർത്തു കെട്ടിയിട്ട ശേഷം ക്രൂരമായി മർദനമാരംഭിച്ചെന്നു ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. മർദനം ഓഗസ്റ്റ് 28 വരെ തുടർന്നിട്ടും ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. ക്രൂരമായ മർദനത്തെ തുടർന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായി. ഷുക്കൂറിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ തുക ലഭിക്കാതെ പോകുമെന്ന ഭീതിയിൽ ഇവരിൽ അഞ്ച് പേർ ചേർന്ന് രാത്രിയോടെ ആശുപത്രിയിൽ കൊണ്ടുപോയി. നഗരത്തിലെ ഒരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷുക്കൂറിന് മരണം സംഭവിച്ചതായി അറിയിച്ചു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി, മരിച്ചതായി സ്ഥിരീകരിച്ചു.

ആശുപത്രി പരിസരത്തെ പാർക്കിങ് മേഖലയിലുണ്ടായിരുന്ന കാറിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് ഇവർ ഡൽഹിയിലേക്കു പോകാൻ ബസിൽ കയറി. ആശുപത്രി അധികൃതരിൽനിന്നു മരണം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് ഷുക്കൂറിന്റെ കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും പിടികൂടുകയായിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നു ശ്വേത ചൗബെ പറഞ്ഞു.