കാശ്മീര്‍: കസ്റ്റഡി റിപ്പോര്‍ട്ടുകളിലും നിയന്ത്രണങ്ങളിലും ആശങ്കയറിയിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

single-img
30 August 2019

ഇന്ത്യൻ സർക്കാർ ഭരണഘടനയിൽ നിന്നും പ്രത്യേക അധികാരം എടുത്തു മാറ്റിയതിനെ തുടർന്ന് ജമ്മു കാശ്മീരിൽ നടക്കുന്ന സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കാശ്മീരിലെ പ്രദേശവാസികള്‍ നേരിടുന്ന നിയന്ത്രണങ്ങളും കസ്റ്റഡി റിപ്പോര്‍ട്ടുകളും വളരെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.‘ കാശ്മീരിൽ മനുഷ്യാവകാശത്തെ ബഹുമാനിക്കാനും നിയമാനുസൃതം പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്‌നബാധിതരെക്കൂടി ഭാഗമാക്കിക്കൊണ്ട് ചര്‍ച്ച അനിവാര്യമാണ്.’ വക്താവ് പറഞ്ഞു.

അതേപോലെ തന്നെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയേണ്ടതിന്റെയും നിയന്ത്രണ രേഖയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ‘മുൻപുള്ള സാധാരണ രാഷ്ട്രീയ നിലയിലേക്ക് ജമ്മുകാശ്മീര്‍ ഉടന്‍ തിരിച്ചുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ചര്‍ച്ചകളെ ഞങ്ങള്‍ പിന്തുടരുന്നത് തുടരും.’ എന്നും വക്താവ് പറഞ്ഞു.

ഏതാനും ദിവസം മുൻപ് ദിവസം മുമ്പ് ജി.7 ഉച്ചകോടിയുടെ ഭാഗമായി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അന്ന് ഇന്ത്യയ്ക്കും പാകിസ്‌താനും ഇടയിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി വിഷയങ്ങളാണെന്നും അതില്‍ മൂന്നാമതൊരു മധ്യസ്ഥന് അവസരമില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.