അനാഥാലയത്തിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു പത്തോളംപേര്‍ ആശുപത്രിയില്‍

single-img
30 August 2019

അനാഥാലയത്തില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. പത്തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള അനാഥാലയത്തിലെ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഭക്ഷ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“വിഷബാധ ഏറ്റതിനെതുടര്‍ന്ന് 12 കുട്ടികള്‍ക്ക് അസുഖം വന്നു എന്നത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. അതില്‍ രണ്ട് പിഞ്ചുകുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മരണപ്പെട്ട കുട്ടികള്‍ ആറുമാസം മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ളവരാണ്.- ജില്ലാ മജിസ്ട്രേറ്റ് സര്‍വ്വഗ്യ റാം മിശ്ര പറയുന്നു.

‘നിലവില്‍ ആറ് കുട്ടികളെ ഇവിടെ നിന്ന് ആഗ്രയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഈ കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവര്‍ സുഖം പ്രാപിച്ചുവരികയാണ്. പ്രാഥമിക പരിശോധനയില്‍ കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണ്. തീരെ ചെറിയ കുട്ടികളാണ്, അതിനാല്‍ത്തന്നെ ശരിയായ പരിചരണം നല്‍കേണ്ടതായിരുന്നു. അധികൃതര്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തേണ്ടതായിരുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഇതിന് കാരണമാണെന്ന് കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.