റസ്ക്യു മിഷൻ 2019: ദുരന്ത നിവാരണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങി കോഴിക്കോട്

single-img
29 August 2019

ബ്ലോക്ക് പഞ്ചായത്തിന്റെ റസ്ക്യു മിഷൻ 2019 പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങി കോഴിക്കോട് ബ്ലോക്ക്. ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടകാര്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ മനോജ് കുമാറാണ് അറിയിച്ചത്.

ജില്ലയിലെ ഒളവണ്ണ, കടലുണ്ടി ബറ്റാലിയൻ എന്നീ പേരുകളിലാണ് ദുരന്തനിവാരണ ഗ്രൂപ്പ് അറിയപ്പെടുക. കോഴിക്കോട് മഴക്കെടുതി ഏറ്റവുമധികം ബാധിച്ച സ്ഥലമാണ് ഒളവണ്ണ. ഈ പഞ്ചായത്തിൽ 13, 16 വാർഡുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കാലാവസ്ഥയെ പറ്റി ജാഗ്രത, മാനസിക ആശ്വാസം, ക്രമസമാധാനം, ദുരന്ത ആഘാത ലഘൂകരണ കേഡറ്റ്, മൃഗ സംരക്ഷണം എന്നിങ്ങനെ 10 കേഡറ്റ് ഗ്രൂപ്പുകളാണ് ഉണ്ടാവുക.

ഓരോ വാർഡിൽ നിന്നും കുറഞ്ഞത് 10 പേർ ഓരോ ഗ്രൂപ്പിലുമുണ്ടാവും. ഓരോ ഗ്രൂപ്പിലെയും കേഡറ്റുകൾക്കുള്ള പരിശീലന പരിപരിപാടി 23 -ന് ഒളവണ്ണ പഞ്ചായത്തിലും 24- ന് കടലുണ്ടി പഞ്ചായത്തിലും നടക്കും. പ്രകൃതിക്ഷോഭങ്ങളെ മനുഷ്യന് തടയാൻ പറ്റില്ലെങ്കിലും മുൻകരുതലുകൾ ഒരുക്കി രക്ഷാപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടു പോവുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു.

ജില്ലയിലെ യുവജന രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുവജന സംഘടന നേതാക്കൾ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകൾ എന്നിവർ വളണ്ടിയർമാരാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടമായി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് പഞ്ചായത്തിലുമുള്ള 10000 ത്തോളം വീടുകളിൽ സർവ്വെ പൂർത്തീകരിച്ചു. രണ്ടാം ഘട്ടമാണ് ഇനി നടക്കാൻ പോകുന്ന പരിശീലനം. ഗുരുവായൂരപ്പൻ കോളേജിലെയും ഇരിങ്ങല്ലൂർ പി കെ എം കോളേജിലെയും 400 എൻഎസ്എസ് വളണ്ടിയർമാരും വാർഡ് മെമ്പർമാർ, എഡിഎസ്, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവരും ഉൾപ്പെടുന്ന സംഘമാണ് സർവ്വെ പൂർത്തികരിച്ചത്.