മിസ് കുമാരി പുരസ്‌കാര നിറവില്‍ പാര്‍വതി

single-img
29 August 2019

സംസ്ഥാനത്തെ മികച്ച നടിയ്ക്കുള്ള ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടി പാർവതി തിരുവോത്ത് വീണ്ടും അംഗീകാര നിറവിൽ. ഇത്തവണ പാര്‍വതിക്ക് പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. 33,333 രൂപയുടെ പുരസ്‌കാരം അടുത്ത മാസം എട്ടിന് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച്‌ സമ്മാനിക്കും. കേരളത്തില്‍ സിനിമാ മേഖലയില്‍ എല്ലാ വര്‍ഷവും പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ യുവപ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യാറുണ്ട്.

പാര്‍വതിയുടെ എന്ന് നിന്റെ മെയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം വലിയ രീതിയില്‍ ചര്‍ച്ചയായി. പിന്നാലെ അതിന് ശേഷം എത്തിയ ടേക്ക് ഓഫ് എന്ന സിനിമയായിരുന്നു പാര്‍വതിയ്ക്ക് ധാരാളം അംഗീകാരങ്ങള്‍ നേടി കൊടുത്തത്. മമ്മൂട്ടി നായകനായ കസബ വിവാദത്തെത്തുടർന്ന് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ഡിസ്‌ലൈക്ക് കാമ്പയിനുകൾ നടിയെ കരിയറിൽ ചെറുതായി തളർത്തിയിരുന്നുവെങ്കിലും ഉയരെ എന്ന സിനിമയിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവായിരുന്നു പാര്‍വതി നടത്തിയത്.