മോദി അനുകൂല പ്രസ്താവന ശശി തരൂരിനെ പിന്തുണച്ച് എംകെ മുനീര്‍

single-img
29 August 2019

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമര്‍ശം കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്കാണ് തരി കൊളുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍.

തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മുനീര്‍ നിലപാട് വ്യക്തമാക്കിയത്. ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

“കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളെക്കുറിച്ചും കുറിപ്പില്‍ സൂചിപ്പിക്കുന്നു. രാജ്യം ഒരഗ്‌നിപര്‍വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസാണ് ജനതയുടെ അവസാന പ്രതീക്ഷ. വിശിഷ്യ ഇരുപതില്‍ പത്തൊമ്ബത് സീറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നല്‍കിയ കേരളീയര്‍ എല്ലാവരും ഒന്നിച്ചണിച്ചേര്‍ന്ന ഒരു കോണ്‍ഗ്രസിനെയാണ് സ്വപ്നം കാണുന്നത്.

പരസ്പരം കരം ഗ്രഹിച്ചു നില്‍ക്കുന്ന പാരസ്പര്യമാണ് നമുക്ക് കോണ്‍ഗ്രസ്സ്. ഈ വാക്‌പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. കോണ്‍ഗ്രസ് കോണ്‍ഗ്രസുകാരുടേത് മാത്രമല്ല എന്ന് അവര്‍ തിരിച്ചറിയണം.

കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയിലെ മുഴുവന്‍ ജനതയുടേയും പ്രതീക്ഷാ നാളമാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ് ഇതെന്ന് ഞങ്ങള്‍ക്കറിയാം.

പക്ഷേ ഇത് ഇന്ത്യന്‍ ജനതയുടെ നിലനില്പിന്റെ കൂടി പ്രശ്‌നമായത് കൊണ്ട് ഇക്കാര്യത്തില്‍ ഇങ്ങനെയൊരു അഭിപ്രായമെങ്കിലും പറയാതെ പോയാല്‍ അത് സ്വയം ചെയ്യുന്ന ഒരനീതിയായി മാറും,” എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍.