മൊഴിപ്പകർപ്പുകൾ രഹസ്യമാക്കിവെച്ചിരിക്കുന്നു ; ട്രാൻസ്സ്ക്രിപ്റ്റ് ഹാജരാക്കണമെന്ന ആവശ്യവുമായി ചിദംബരം സുപ്രീം കോടതിയിൽ

single-img
27 August 2019

ന്യൂഡൽഹി: ഐ എൻ എക്സ് കേസിൽ തന്നെ സിബിഐ ചോദ്യം ചെയ്തതിന്റെ മൊഴിപ്പകർപ്പുകൾ പരസ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിചിദംബരം സുപ്രീം കോടതിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തതിന്റെ രേഖകൾ  (ട്രാൻസ്സ്ക്രിപ്റ്റ്) ഹാജരാക്കണമെന്ന ആവശ്യമാണ് ചിദംബരത്തിന്റെ അഭിഭാഷകസംഘം മുന്നോട്ടു വെച്ചത്.

അന്വേഷണ ഏജൻസി മൊഴിപ്പകർപ്പുകൾ രഹസ്യമാക്കിവെച്ചിട്ട് കസ്റ്റഡിയിൽ വെക്കുന്നത് ന്യായമല്ലെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ വാദിച്ചു.  മൊഴിപ്പകർപ്പുകൾ കോടതിയിൽ ഹാജരാക്കാതെ പൂഴ്ത്തിവെച്ചിട്ട് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുന്നത് എന്ത് യുക്തിയാണെന്നും അഭിഭാഷകൻ ചോദിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ 19-നും , 2019 ജനുവരി 1-നും  12-നുമായി മൂന്നു പ്രാവശ്യം ചിദംബരത്തെ ചോദ്യം ചെയ്തതതിന്റെ രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കു നിർദേശം നൽകണമെന്നും ചിദംബരത്തിനു വേണ്ടി ഹാജ്ജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം ചിദംബരത്തിന്റെ കസ്റ്റഡി
വെള്ളിയാഴ്ച വരെ നീട്ടി.

അന്വേഷണ സംഘം ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകിയെന്നും അറസ്റ്റ് അനാവശ്യമായിരുന്നു എന്നുമാണ് ചിദംബരത്തിന്റെ ഭാഗം ഉന്നയിക്കുന്ന  വാദം. ചോദ്യം ചെയ്തതിന്റെ ട്രാൻസ്‌ക്രിപ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ ഇക്കാര്യം വ്യക്തമാകും. ജഡ്ജിമാരായ ആർ ഭാനുമതിയുടെയും എ.എസ് ബൊപ്പണ്ണയുടെയും മുമ്പാകെയാണ് കപിൽ സിബൽ ഇക്കാര്യം ആവശ്യപ്പെട്ടത്. 

പ്രിവെൻഷൻ ഒഫ് മണി ലോൻഡറിങ് ആക്റ്റിൽ അന്ന് ഇല്ലാത്ത കുറ്റങ്ങൾ പിന്നീട് കൂട്ടിചേർത്താൽ അത് നിയമപരം ആവില്ല. ഈ കേസിന്റെ ആദ്യം മുതലുള്ള നീക്കങ്ങൾ സംശയം ഉണ്ടാക്കുന്നതാണെന്നും അഭിഷേക്  സിങ്വി പറഞ്ഞു. അദ്ദേഹം മുൻപ് ചിദംബരത്തിന്റെ  അഭിഭാഷക സംഘത്തിൽ ഉണ്ടായിരുന്നു.