കെവിൻ ദുരഭിമാനക്കൊല; കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്റെ പിതാവ്

single-img
27 August 2019

കോട്ടയം: പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചെന്നും, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കെവിൻ കൊലക്കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്നാണ് കോടതി വിധിച്ചത്. നീനുവിന്റെ പിതാവ് ചാക്കോയ്ക്കും ശിക്ഷ ലഭിക്കേണ്ടതായിരുന്നു എന്നും സഹായിച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നീനുവിന്റെ അച്ഛൻ ചാക്കോയടക്കം നാല് പേരെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ നൽകി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എസ്. ജയചന്ദ്രൻ ആണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ നിന്നും ഈടാക്കുന്ന പിഴയിൽ നിന്നും ഒരു ലക്ഷം രൂപ ഒന്നാം സാക്ഷി അനീഷിന് നൽകണം. ബാക്കി തുക തുല്ല്യമായി വീതിച്ച് കെവിന്റെ  ഭാര്യ നീനുവിനും അച്ഛൻ ജോസഫിനും നൽകണം. പ്രത്യേക പരിഗണന നൽകി അതിവേഗം വാദം പൂർത്തിയാക്കുകയായിരുന്നു. 

പ്രണയിച്ചു വിവാഹിതരായ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും സംഘവും കെവിനേ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. 2018 മെയ് 28 ന് കെവിന്റെ മൃതദേഹം തെന്മലക്കടുത്തുള്ള  ചാലിയക്കാര ആറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. കെവിൻ  ‘താഴ്‍ന്ന ജാതി’ ആണെന്നതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച കാരണം. ഈ കേസിനെ ദുരഭിമാനക്കൊല  എന്ന് കോടതി  നിരീക്ഷിച്ചതോടെ. ഇത്തരത്തിലെ കേരളത്തിലെ ആദ്യത്തെ കേസായി കെവിൻ കൊലപാതകം.