വണ്ടി തടഞ്ഞിട്ടുള്ള പരിശോധന നിർത്തും ; ആധുനിക സംവീധാനങ്ങൾ ഒരുക്കാൻ മോട്ടോർ വാഹന വകുപ്പ്

single-img
27 August 2019

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള 19 ചെക്ക്പോസ്റ്റുകളിൽ ആധുനിക വാഹന പരിശോധന സംവീധാനങ്ങൾ ഒരുക്കുന്നു.  ഇതിനായി 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൃത്രിമ ബുദ്ധി അടക്കമുള്ള സാങ്കേതിക സംവീധാനങ്ങൾ ഉപയോഗിച്ചാകും ചെക്ക്പോസ്റ്റുകൾ നവീകരിക്കുക.

പുതിയ സംവിധാനത്തിൽ വാഹനങ്ങൾ നിർത്താതെ തന്നെ പരിശോധനകൾ സാധ്യമാകും. അധിക ഭാരം കയറ്റിയിട്ടുണ്ടോ, ഇൻഷുറൻസ് അടക്കമുള്ള പേപ്പറുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ചെക്ക്പോസ്റ്റ് കടക്കുമ്പോൾ തന്നെ ഓൺലൈനായി പരിശോധിച്ച് വ്യക്തത വരുത്തും. എല്ലാം കൃത്യമാണെങ്കിൽ അപ്പോൾ തന്നെ പോകാനാകും. കൃത്യമല്ലെങ്കിൽ ചുവപ്പ് ലൈറ് തെളിയും, തുടർന്ന് വിശദമായ പരിശോധനകളും നടത്തും. 

ചെക്ക്പോസ്റ്റുകളിലെ അഴിമതിയും, നികുതിവെട്ടിപ്പും ആധുനിക സംവിധാനം വഴി നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഒപ്പം വിലപ്പെട്ട സമയത്തിന്റെ ലാഭവും. ജി എസ് ടി, എക്സൈസ് വകുപ്പുകൾക്ക് ആവശ്യമായ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ നിന്ന് തന്നെ കൈമാറും. ടാറ്റ ബേസിലെ വിവരങ്ങൾ ആവശ്യമെങ്കിൽ മറ്റു വകുപ്പുകൾക്കും കൈമാറും.

സെന്റർ ഫോർ ഡെവലപ്മെന്റ്റ് ഓഫ്  അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങി (സിഡാക്) നാണ്   ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനതപുരം ജില്ലയിലെ ചെക്ക്പോസ്റ്റുകൾ  ഉടൻ ആധുനികവൽക്കരിക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ റഡാറുകൾ അടക്കമുള്ള സംവീധാനങ്ങൾ ഉപയോഗപ്പെടുത്താനും മോട്ടോർ വാഹന വകുപ്പിൽ  തീരുമാനം ആയിട്ടുണ്ട്.