പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹര്‍ജി; പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്ന് ഹൈക്കോടതി

single-img
24 August 2019

സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. തുടർന്ന് ഹർജി നല്‍കിയയാള്‍ക്ക് കോടതിയുടെ വിമര്‍ശനം. ഒടുവിൽ പരാതിക്കാരൻ ഹർജി പിന്‍വലിച്ചു. പ്രളയ സംബന്ധമായി കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി നല്‍കിയത്.

പക്ഷെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹർജി നല്‍കുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മാധ്യമങ്ങളിൽ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

പരാതിക്കാരൻ പ്രശസ്തിക്കുവേണ്ടി ദുരുദ്ദേശപരമായാണ് ഹർജി നല്‍കിയിരിക്കുന്നത്. വലിയ പിഴ അടക്കേണ്ട കേസാണ് ഇത്. ഹർജി പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയതോടെ പരാതിക്കാരൻ ഹർജി പിന്‍വലിച്ച് തടിയൂരുകയായിരുന്നു.