ശ്രീലങ്കയിലൂടെ ലഷ്കര്‍ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെത്തിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

single-img
23 August 2019

ശ്രീലങ്കയിലൂടെ ആറ് ലഷ്കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഏകദേശം അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തി എന്നാണു ഇന്‍റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മുന്‍കരുതലായി ചെന്നൈയിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരരെ കാശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക് അധീന കാശ്മീരിലൂടെ ജമ്മു കാശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.