തുഷാറിനെ കെണിയില്‍പ്പെടുത്തിയത് സിപിഎം; തുഷാറിനായി ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ല: ശ്രീധരൻ പിള്ള • ഇ വാർത്ത | evartha
Kerala, Latest News

തുഷാറിനെ കെണിയില്‍പ്പെടുത്തിയത് സിപിഎം; തുഷാറിനായി ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ല: ശ്രീധരൻ പിള്ള

സംസ്ഥാന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയെന്നും അന്വേഷണം വേണമെന്നും ബിജെപി കേരളാ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. തുഷാറിനെതിരായ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് അറസ്റ്റെന്ന് ആവര്‍ത്തിച്ച ശ്രീധരന്‍ പിള്ള, ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ശ്രീധരൻ പിള്ളയുടെ വാക്കുകൾ- തുഷാറിനെ കേസിൽ കെണിയിൽ പെടുത്തത് സിപിഎം എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ആളാണ് ഇപ്പോൾ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി. അതേസമയം, തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കേരളത്തിലെ എൻഡിഎയെ തകർക്കാൻ സിപിഎമ്മും കോൺഗ്രസും ശ്രമിച്ചാൽ നടക്കില്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ വീട്ടിലെ പൂജാമുറിയിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവിന്‍റെ പൂജാമുറിയിൽ ഇപ്പോൾ മുഖ്യമന്ത്രിയുമാണെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരിഹാസം. പത്തു വർഷങ്ങൾക്ക് മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് ചൊവ്വാഴ്ച തുഷാര്‍ അറസ്റ്റിലായത്.