യാത്രക്കാരോട് മോശമായി പെരുമാറി; ഓട്ടോ ഡ്രൈവര്‍മാരോട് രോഗികളെ പരിചരിക്കാന്‍ കളക്ടർ

single-img
22 August 2019

ഓട്ടോയിൽ കയറിയ യാത്രക്കാരോട് മോശമായി പെരുമാറിയ ഡ്രൈവര്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ കളക്ടര്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കളക്ടര്‍ എസ് സുഹാസ് തന്നെയാണ് ശിക്ഷാരീതി അറിയിച്ചത്.

ജില്ലയിലെ രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടര്‍ന്ന് എറണാകുളം ആര്‍ടിഒ മുഖേന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ശിക്ഷയും നല്‍കി.

ഇതിൽ ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറിൽ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാൻസർ വാർഡിൽ രോഗികളെ പരിചരിക്കാനും നിർദേശിച്ചു.

2 ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സമൂഹ മാധ്യമങ്ങളിലൂടെ ശ്രേദ്ധയിൽ പെടുകയും വിഷയം എറണാകുളം ആര്‍.ടി.ഒ…

Posted by Collector, Ernakulam on Thursday, August 22, 2019

തുടർന്ന് രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകിയതായി കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ശിക്ഷയുടെ കാലയളവില്‍ ഇവര്‍ ആശുപത്രി സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണെന്നും കളക്ടര്‍ വ്യക്തമാക്കി.