ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ബാഗില്‍ എഴുതിയിരുന്നത് ‘അന്ത്രാക്സ്’; സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി

single-img
20 August 2019

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്ന ബാഗില്‍ ‘അന്ത്രാക്സ്’ എന്ന് രേഖപ്പെടുത്തിയ സംഭവത്തില്‍ സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി. വിഷയത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അറബിയിലുള്ള വാചകം വിവര്‍ത്തനംചെയ്തപ്പോള്‍ വന്ന പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
തീര്‍ത്ഥാടനത്തിലെ ചടങ്ങുകളിലൊന്നാണ് പിശാചിന്റെ പ്രതീകാത്മക സ്തൂപത്തിന് നേരെയുള്ള കല്ലേറ്.

ഈ ചടങ്ങ് നിര്‍വഹിക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ കല്ലുകള്‍ നിറച്ച ബാഗിലാണ് ‘ആന്ത്രാക്സ്‍’ എന്ന് രേഖപ്പെടുത്തിയിരുന്നത്. കല്ല്‌ എറിയുന്ന സ്ഥലങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ‘ജംറാത്ത്’ എന്ന അറബി വാക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ വന്ന പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം.

യുഎസില്‍ നിന്നുള്ള ഒരു മുസ്‍ലിം പണ്ഡിതന്‍ എഴുത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. ഇത്തരത്തില്‍ എഴുത്തുള്ള ബാഗുമായി നാട്ടിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളിലെ പരിശോധനകള്‍ക്ക് ഉള്‍പ്പെടെ ഇത് പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷത്തോടൊപ്പം പിഴവ് എത്രയും വേഗം തിരുത്താനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.