പ്രചരിച്ചത് എങ്ങിനെ എന്നറിയില്ല; സത്യം പുറത്ത് കൊണ്ടുവരണമെന്ന് ഓമനക്കുട്ടന്‍റെ ദൃശ്യം പകർത്തിയ മനോജ്

single-img
19 August 2019

ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം പ്രവർത്തകൻ ഓമനക്കുട്ടൻ പണപ്പിരിവ്​ നടത്തി എന്നപേരിൽ ദൃശ്യം പ്രചരിച്ചതിനെക്കുറിച്ച്​ അന്വേഷിച്ച്​ സത്യം പുറത്തുകൊണ്ടുവരണമെന്ന്​ ദൃശ്യം മൊബൈലിൽ പകർത്തിയയാൾ. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് തന്നെ ക്രൂശിക്കാൻ ശ്രമം നടക്കുന്നതെന്ന് ഇവ പകർത്തിയ ചേർത്തല തെക്കുപഞ്ചായത്ത്​ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ അന്തേവാസിയായിരുന്ന വിവി മനോജ്, അമ്മ പത്മാക്ഷി എന്നിവർ പറഞ്ഞു.ഇവർക്കൊപ്പം സേവാഭാരതി പ്രവര്‍ത്തകൻ എസ്. ശങ്കരന്‍കുട്ടിയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഓമനക്കുട്ടന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം കളക്​ടറോട്​ ആവശ്യപ്പെട്ടിരുന്നു. താൻ പരാതി നല്‍കാന്‍ വേണ്ടിമാത്രം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതെങ്ങനെയെന്ന് അറിയി​ല്ല. എന്നാൽ ഇത് വിവാദമായതോടെ അജ്ഞാതന്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ഇതിനെതിരായി പരാതി നല്‍കുമെന്നും ഇവർ പറഞ്ഞു.

ഇവിടെ തന്നെ തെക്ക് പഞ്ചായത്തിലെ മറ്റൊരു കോളനിയായ വിവിഗ്രാമിൽ താമസിക്കുന്ന പത്മാക്ഷിയോടൊപ്പം മറ്റു നാലു കുടുംബങ്ങൾ കൂടി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ താമസത്തിനെത്തിയിരുന്നു. ആദ്യമായിട്ടാണ് ഇവർ ഈ ക്യാമ്പിൽ അന്തേവാസികളായെത്തുന്നത്​. മറ്റുള്ള കുടുംബങ്ങളോടൊപ്പം വീട്ടിലേക്ക്​ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വൈദ്യുതി ചാർജ് നൽകുന്നതിനായി ഓമനക്കുട്ടൻ അമ്മയോട്​ പിരിവു ചോദിച്ചത്​. ഇതിന്റെ ദൃശ്യങ്ങൾ​ മനോജ് ഫോണിൽ പകർത്തിയതാണ് പിന്നീട്​ സാമൂഹമാധ്യമങ്ങളിൽ പടർന്നത്​.