യുപി സോന്‍ഭദ്രയില്‍ പ്രിയങ്ക ഗാന്ധി വീണ്ടും എത്തുന്നു; യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇരകളോട് നേരിട്ട് ചോദിച്ചറിയും • ഇ വാർത്ത | evartha
National

യുപി സോന്‍ഭദ്രയില്‍ പ്രിയങ്ക ഗാന്ധി വീണ്ടും എത്തുന്നു; യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇരകളോട് നേരിട്ട് ചോദിച്ചറിയും

യുപിയില്‍ സോന്‍ഭദ്രയിലെ ഉഭ ഗ്രാമത്തലവനും സംഘവും വെടിവെച്ചു കൊന്ന പത്ത് ദളിതരുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി നാളെ പ്രിയങ്ക ഗാന്ധി വീണ്ടും എത്തുന്നു. ഇവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഭവത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ക്രമങ്ങളെ കുറിച്ചും പ്രിയങ്ക ഗാന്ധി ഇരകളോട് നേരിട്ട് സംസാരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നാളത്തെ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനും തുടങ്ങിയെന്നും സുരക്ഷ വക്താവ് അറിയിച്ചു. ഉഭയിലെ ഗ്രാമത്തലവന്‍ ഇ കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

ഇദ്ദേഹത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയിലേക്ക് യാത്ര തിരിക്കുകയും സര്‍ക്കാരിനാല്‍ തടയപ്പെടുകയും ചെയ്തത് വാര്‍ത്തയായിരുന്നു.