പ്രളയ മേഖലയില്‍ ബോട്ടിലിരുന്ന് സെല്‍ഫി; വിവാദമായപ്പോള്‍ പുഴയില്‍ നീന്തി സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ; ബിജെപി മന്ത്രിക്ക് രൂക്ഷവിമര്‍ശനം

single-img
11 August 2019

പ്രളയം നിറഞ്ഞ മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ സന്ദര്‍ശന വേളയില്‍ ബോട്ടിലിരുന്ന് എടുത്ത സെല്‍ഫി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ബിജെപിയുടെ മന്ത്രിക്ക് രൂക്ഷവിമര്‍ശനം. മന്ത്രിയുടെ സെല്‍ഫി വിവാദമായതോടെ പുഴയില്‍ നീന്തി സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത് രക്ഷപെടാനായി ശ്രമം. ഇന്നലെ മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവും കൂടുതലായി ബാധിച്ച സാംഗ്ലി ജില്ലയില്‍ എത്തിയ മന്ത്രി ഗിരീഷ് മഹാജന്‍ സെല്‍ഫിയും വീഡിയോയും എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ഒട്ടേറെപ്പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ടു രംഗത്തുവന്നത്.
ഇതിനെ തുടര്‍ന്നാണ്‌ മന്ത്രി തന്റെ സാഹസിക രക്ഷാപ്രവര്‍ത്തനം പോസ്റ്റ് ചെയ്തത്. ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മന്ത്രി പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്നതായി കാണാം.

‘ഇത്തരത്തിലാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നത്.’ എന്നായിരുന്നു അടിക്കുറിപ്പ്.
കഴിഞ്ഞ ദിവസം മാത്രം പ്രളയത്തെത്തുടര്‍ന്ന് സാംഗ്ലിയില്‍ ഒമ്പതുപേരാണു മരിച്ചത്. സംസ്ഥാനത്തെ ജലവിഭവ വകുപ്പ് മന്ത്രിയാണ് ഗിരീഷ് മഹാജന്‍.