പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം; കേരളത്തിന് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

single-img
9 August 2019

പറമ്പിക്കുളം അണക്കെട്ടിൽ നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് ഷട്ടറുകൾ തുറന്നു. ഇവിടെനിന്നും 400 ഘനയടി വെള്ളം രണ്ട് മണിക്കൂറിനുള്ളില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കെത്തും.തുടർന്ന് അടുത്ത മൂന്നര മണിക്കൂറിനുള്ളില്‍ ചാലക്കുടിയിലുംഎത്തുന്നതിനാൽ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഇന്ന് ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. പ്രദേശത്തിൽ ആദ്യമായാണ് ഷോളയാര്‍ ഡാം തുറക്കാതെ വെള്ളപ്പൊക്കമുണ്ടാവുന്നത്. നിലവിൽ ഷോളയാറില്‍ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. അതേസമയം ചാലക്കുടി പുഴയുടെ തീരത്ത് ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.

മഴ ശക്തമായി തുടരവേ കേരളത്തിന് കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. ജില്ലയിലെ മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടി മേഖലയിൽ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു.