കശ്മീർ വിഭജനം: കൈലാസയാത്രയ്ക്ക് വിസ നിഷേധിച്ച് ചൈനയുടെ ഉടക്ക്

single-img
7 August 2019

ജമ്മു കശ്മീർ വിഭജിക്കുകയും ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയ്ക്ക് പിന്നാലെ കൈലാസ്-മാനസരോവർ യാത്രയ്ക്ക് ഇന്ത്യാക്കാർക്ക് വിസ നിഷേധിച്ച് ചൈന. ചൊവ്വാഴ്ച വിസ ലഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ സംഘത്തിന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിസാ നടപടികള്‍ ചൈന വൈകിപ്പിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റമുണ്ടാക്കും വിധം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കരുതെന്നും സംഘർഷം വർധിപ്പിക്കരുതെന്നും. ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ട ചൈന, കശ്മീരിലെ സ്ഥിതിഗതികളിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പിന്തുടർച്ചയായാണ് ഇന്ത്യൻ സംഘത്തിനു വീസ നിഷേധിച്ചതെന്നാണ് സൂചന.


രണ്ട് ബാച്ച് ഇന്ത്യന്‍ യാത്രികര്‍ക്കാണ് കൈലാസ് മാനസരോവര്‍ യാത്രയുടെ വിസ ഇതുവരേയും ലഭിക്കാത്തത്. ബുധനാഴ്ച രാവിലെയാണ് സംഘം പുറപ്പെടേണ്ടിയിരുന്നത്.
തിബറ്റ് അതിര്‍ത്തിയായ ലിപുലേഖ് പാസ് വരെ ബസ്സില്‍ യാത്ര ചെയ്ത ശേഷം ഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്നും രേഖകള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അവര്‍.

നേരത്തെ ദോക് ലാം പ്രശ്‌നത്തിനിടയിലും മാനസരോവർ യാത്രക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ എട്ടിന് ആരംഭിച്ച ഈ വർഷത്തെ കൈലാസ് മാനസരോവർ യാത്ര അടുത്ത മാസം അവസാനിക്കും. വിദേശകാര്യ മന്ത്രാലയത്തിനാണ് നടത്തിപ്പ് ചുമതല. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയും സിക്കിമിലെ നാഥുല വഴിയുമാണ് യാത്ര. ചൈനീസ് അതിര്‍ത്തിയിലുള്ള പര്‍വതമേഖലയിലൂടെയാണ് മാനസരോവറിൽ എത്തുന്നത്.