ബുധനാഴ്ചയോടെ കേരളത്തില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കും; വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി

single-img
6 August 2019

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വൈത്തിരി കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇന്നലെ രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയകാലത്തും കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.

തുടർച്ചയായ നാല് ദിവസങ്ങളായി ലക്കിടിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നിലവിൽ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അഞ്ചുദിവസത്തേയ്ക്ക് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിന്റെ ഫലമായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടര്‍ച്ചയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.വ്യാഴാഴ്ച ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിച്ചിടിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ന്യൂനമർദ്ദഫലമായി കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശമുണ്ട്.