എന്താണ് ഇന്ത്യന്‍ ഭരണഘടനയിലെ 35എയും 370ഉം? ബിജെപി എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍

single-img
5 August 2019

ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനം രണ്ടായി വിഭജിക്കുകയും ചെയ്തിരിക്കുകയാണ്. കാശ്മീരിനുള്ള പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം.

രാജ്യത്തിന്റെ ഭരണ ഘടന 1950ല്‍ നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പിനെ എതിര്‍ക്കുന്ന നയമായിരുന്നു ബിജെപിക്കുള്ളത്. ഇന്നത്തെ ബിജെപിയുടെ ആദ്യ രൂപമായ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.

അതേപോലെ ജമ്മു കാശ്മീരിന് പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു. രാജ്യത്തെ സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ കാശ്മീരിന് ആറുവർഷമാണ്. അവിടെ നിയമനിർമാണത്തിനും കേന്ദ്രത്തിന് നിയമസഭയുടെ അനുമതി വേണം.

അതേപോലെ ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് മാസം 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ഈ വകുപ്പ് അനുസരിച്ച് ജമ്മു കാശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നു.

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കാശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഇന്ത്യന്‍ ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.