ശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ: സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കി

single-img
5 August 2019

മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു.  വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

വാഹനാപകടക്കേസില്‍ ശ്രീറാം പ്രതിയായതിന് പിന്നാലെ തന്നെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ അയാളെ സസ്പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ശ്രീറാമിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്.

ഇപ്പോള്‍ മെഡിക്കല്‍ കോളജ് പൊലീസ് സെല്ലിലാണ് ശ്രീറാം. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശ്രീറാമിനെ പൂജപ്പുര ജയിലിലേക്ക് അയച്ചെങ്കിലും പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു. 

പഠനാവധി കഴിഞ്ഞ് തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടറായി നിയമിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പ്രോജക്ട് ഡയറക്ടര്‍  – കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍,  സെക്രട്ടറി – കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ തസ്തികകളും നല്‍കിയിരുന്നു.