ആള്‍ക്കൂട്ട കൊലപാതകത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും; രാജസ്ഥാൻ സർക്കാർ ബില്‍ പാസാക്കി

single-img
5 August 2019

സംസ്ഥാനത്തിൽ ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമനിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇന്ന് സംസ്ഥാന നിയമ മന്ത്രി ശാന്തി ധരിവാള്‍ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചു. സഭയിൽ ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കി.

പുതിയ നിയമ പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഉണ്ടാകുന്നതിന് പുറമെ ഇതിനെ ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.നിയമ പ്രകാരം ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇരക്ക് പരിക്കേറ്റെങ്കില്‍ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ പിഴയും ഒടുക്കണം.

പിന്നീടുള്ള നിയമ നടപടികള്‍ തടസ്സപ്പെടുത്തുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. രാജ്യത്ത് വർദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമനിര്‍മാണം.
എന്നാൽ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി.