മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ; ജമ്മു കാശ്മീരിൽ നിരോധനാജ്ഞ

single-img
5 August 2019

ജമ്മു കാശ്മീരിൽ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രധാന നേതാക്കളെ കൂട്ടത്തോടെ കഴിഞ്ഞ ദിവസം അർദ്ധരാത്രി വീട്ടു തടങ്കലിലാക്കി. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. അതോടൊപ്പം പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്.

ഇന്നലെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഉന്നത തല ചർച്ചകൾ നടത്തിയത്. അതിനു പിന്നാലെയാണ് അർദ്ധരാത്രി നാടകീയ നീക്കങ്ങൾ. സംസ്ഥാനത്തിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നിയമോപദേശം തേടിയിരുന്നു.

ഇന്നലെ അർദ്ധരാത്രി സംസ്ഥാനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്താൻ പാടില്ല. അതേസമയം കർഫ്യൂ പ്രഖ്യാപിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു. ഭൂരിഭാഗം മേഖലകളിലും മൊബൈൽ ഇന്‍റർനെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ ബ്രോഡ് ബാന്‍റ് സേവനവും തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ മാസം 15 വരെ ഈ സേവനങ്ങളെല്ലാം തടഞ്ഞു വയ്ക്കുമെന്നാണ് വിവരം.

ഇവയ്‌ക്കെല്ലാം പുറമെ കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.
നിർദ്ദേശ പ്രകാരം കശ്മീർ സർവകലാശാല ഓഗസ്റ്റ് 5 മുതൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.